| അമ്മവയറ്റീന്നു പോന്നിട്ടുപിന്നെയൊ-
രഞ്ചാറുകൊല്ലങ്ങൾ ഞാനേ ദൈവം
ബാല്യത്തിൻ ശാഠ്യങ്ങൾ കൂടുന്നതിൻമുറ-
യ്‌ക്കേകീടുമമ്മയാ നല്ല പാഠം --
"കണ്ണനും രാമനും വീരൻ ഹനുമാനു-
മെങ്ങനെയായി സല്പുത്രരെന്നാൽ
കുഞ്ഞിക്കുസൃതികൾ കാട്ടാഞ്ഞതല്ല, നൽ-
ച്ചെയ്തികൾ ആവോളം ചെയ്തവരാം".
കാലം ഗമിച്ചങ്ങു, മാറീ ഋതുക്കളും
ഞാനെന്ന ശക്തിയെയാഘോഷിച്ചാർ
"
കൃഷ്ണ " നീയേ, നിന്നിലുള്ളതാം തൃഷ്ണയെ
നീതന്നെയൂട്ടിവളർത്തിടേണം!
മഴയോടു, മലരോടു, മഴവില്ലിനോടുമാ-
മലരമ്പനാൽ പ്രേമമൊട്ടുതോന്നും
യൗവ്വനമെന്നോരു മോഹനകാലത്ത്,
കണ്ണനല്ലാതെ മറ്റാര് കൂട്ട്!
പക്വമായ് നെയ്തോരു ജീവിതസങ്കൽപ്പ-
ചിത്രത്തിലാര്, സദാശിവൻ താൻ !
പ്രാണനാം പത്നിതാനെൻപ്രാണനെന്നു തൻ
പാതിമെയ്യേകിത്തെളിയിച്ചൊരാൾ..
കുഞ്ഞൊരുഹൃത്തിൻ തുടിപ്പതൊന്നുള്ളിലായ്
കേൾക്കുന്ന നേരമോ ചോദ്യമൊന്നേ
അമ്പാടിക്കണ്ണനോ ഐശ്വര്യലക്ഷ്മിയോ
ആരുതാൻ നാളെയെനിക്കു തുണ?
മാതൃത്വമെന്ന മഹാതപസ്സൊന്നിതിൽ
നവഭാവമെല്ലാം തെളിഞ്ഞുകാണും
അന്നപൂർണേശ്വരി നിന്നനില്പിൽ കലി
പൂണ്ടൊരു കാളിയുമാകതന്നെ!!
ജീവിതമെന്നതിൽ സന്തോഷമെന്നല്ല
സ്ഥായിയായൊന്നുമേ കാണുകില്ല
ക്ലേശമൊഴിയാതെ സർവ്വം സമർപ്പിച്ചു
കേഴുവാനെന്നുമെനിക്കമ്മ താൻ
മുന്നോട്ടു മാർഗ്ഗംതെളിഞ്ഞു കാണാതങ്ങു
കെഞ്ചിടും നേരം കനിഞ്ഞീടുമാ
സദ്ഗുരുവേ, നിന്നിലുള്ളോരു ഭക്തി താ-
നീനാടിനിന്നും സുകൃതമൊന്ന്!
രാമനെപ്പോലൊരു രാജനും, കൂട്ടിന്നു
മാരുതിയെപ്പോലെ ധീരരേറെ
ഇങ്ങനെയുള്ളോരു രാമരാജ്യം കിനാ-
കാണുന്ന സാധുക്കളെത്രയേറെ!!
ഇമ്മട്ടിലായുസ്സുനീളേ ഹിതം പോലെ
നന്മയെ മാത്രമായ്പ്പുൽകീടുവാൻ,
ഇനിയെത്ര കഥകൾ താൻ വേണം? സനാതനം
ധർമ്മമിതിൽപ്പരമുണ്ടോ വരം? |
#pRiyambRUyAth 

Image Courtesy - Google Images
Comments
Post a Comment